കൊച്ചി: ഫെബ്രുവരി 22: വീണ്ടുമൊരു സൂപ്പര്താരയുദ്ധത്തിനു അണിയറയില്‍ അരങ്ങൊരുങ്ങുന്നു.മമ്മൂട്ടിയുടെ 'ബിഗ് ബി'യും മോഹന്‍ലാലിന്റെ 'ചോട്ടാ മുംബൈ'യുമാണു ഈ വിഷുക്കാലത്ത് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഒരുങ്ങുന്നത്. ചോട്ടാ മുംബൈ ഏപ്രില്‍ 7നും ബിഗ് ബി ഏപ്രില്‍ 14നുമാണു തിയേറ്ററുകളിലെത്തുക. 'മായാവി'യിലൂടെ 2007ന്റെ തുടക്കത്തില്‍ തന്നെ തിയറ്ററുകള്‍ ഉത്സവപ്പറമ്പുകളാക്കിയ മമ്മൂട്ടി 2005ലെ തന്റെ തേരോട്ടം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണു. മൂന്നാഴ്ചക്കുള്ളില്‍ 6 കോടിയോളം ഗ്രോസ്സ് കളക്ഷന്‍ നേടി 'മായാവി' 2007ലെ ആദ്യത്തെ മെഗാഹിറ്റെന്ന പദവി സ്വന്തമാക്കിക്കഴിഞ്ഞു. മോഹന്‍ലാലാവട്ടെ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഒരു ഉജ്ജ്വല തുടക്കം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലും. ഏതായാലും കേരളത്തിലെ തിയറ്ററുകള്‍ ആരാധകരുടെ ആവേശത്തിമിര്‍പ്പിന്റെ പോരാട്ടവേദിയാവാന് ഒരുങ്ങിക്കഴിഞ്ഞു.
വിഷുക്കാലം പൊതുവെ മോഹന്‍ലാലിനു നല്ല ഓര്‍മ്മകളല്ല സമ്മാനിച്ചിട്ടുള്ളത്. നാലഞ്ചു വര്‍ഷങ്ങളായി വിഷുക്കാലത്തിറങ്ങിയ മോഹന്‍ലാലിന്റെ ചിത്രങ്ങളൊന്നും പച്ചതൊട്ടിട്ടില്ല. 2006ല്‍ പുറത്തിറങ്ങിയ രസതന്ത്രം മാത്രമാണു ഇതിനൊരു അപവാദം. കിളിച്ചുണ്ടന്‍ മാമ്പഴം, ചന്ദ്രോത്സവം, വിസ്മയത്തുമ്പത്തു തുടങ്ങിയവ മോഹന്‍ലാലിന്റെ വിഷു ചിത്രങ്ങളെല്ലാം വന്‍ പരാജയങ്ങളായിരുന്നു. മമ്മൂട്ടിയാവട്ടെ ക്രോണിക് ബാച്ചിലര്‍, തൊമ്മനും മക്കളും, തുറുപ്പുഗുലാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ നല്കി വിഷുക്കാലം തന്റേതുമാത്രമാക്കിയിട്ടുണ്ട്. മായാവിയുടെ വന്‍ വിജയത്തെത്തുടര്ന്നെത്തുന്ന ചിത്രമായതിനാലും യുവതലമുറയുടെ മനം കവരുന്ന 'സ്റ്റൈലിഷ്' രൂപ-വേഷവിതാനങ്ങളും ബിഗ് ബി മമ്മൂട്ടിയുടെ മറ്റൊരു മെഗാവിജയമാവുമെന്നു സൂചനയുണ്ട്. രാജമാണിക്യം എന്ന ഹിറ്റ് ചിത്രത്തിനുശേഷം അന്;വര് റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചോട്ടാ മുംബൈയും പ്രേക്ഷക പ്രതീക്ഷയില്‍ ഒട്ടും പിന്നിലല്ല. രാജമാണിക്യത്തിലെ മാജിക് ചോട്ടാ മുംബൈയിലും അന്;വര് റഷീദിനു ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നുള്ളത് കണ്ടുതന്നെ അറിയണം. ഇതിലെ മോഹന്‍ലാലിന്റെ ഹെയര്‍ സ്റ്റെയില്‍ ലാലിന്റെ കടുത്ത ആരാധകര്‍ക്കുപോലും ഇഷ്ടമായിട്ടില്ല. കീര്ത്തിചക്രക്കുശേഷം മികച്ചൊരു ഹിറ്റുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ലാലിനു ഈ വിഷു തീര്‍ച്ചയായും നിര്ണ്ണായകമാണു.
എന്തായാലും വിഷുവെത്താന്‍ ഇനിയും ദിവസങ്ങളേറെയുണ്ട്. അതുവരെ മലയാള സിനിമ മായാവിപ്രഭയില് മുങ്ങി നില്ക്കും. -അന്‍സ്.
Thursday, February 22, 2007
Subscribe to:
Posts (Atom)